നറുനിലാവൊളി ചൂടി നിന്നൊരാതിരുമുറ്റമൊക്കെയും പ്രഭതൂകി നിന്ന നിൻ കാന്തി ഞാൻ,
പടി വാതിലിൻ പിന്നിലായ് നിന്നു കണ്ടു,
എൻ മനതാരിലായ് നൂറു പൗർണമി വിടർന്നു..
നിൻ നീലമിഴിയഴിമുഖങ്ങൾക്കു നീലിമ നൽകിയ വ്യോമവസന്തങ്ങളേ ഞാൻ,
തളിരിലത്തുമ്പിൽ ജനിക്കുമാ നീർമണിമുത്തിലേക്കിറ്റിക്കും, വീഴാതെ സൂക്ഷിക്കും...
നിൻ പാദസംഗീതധാരകൾ ധമനിയിൽ സാഗരസ്സീമപോൽ സാമമായ് എത്തുമ്പോൾ,
ശങ്കയില്ലാതെ വെൺശംഖിലേക്കാ ശബ്ദധാരകൾ ചേർക്കുമെൻ ശ്വാസമായ് തീർക്കും...
പടിവാതിലിൻ ചാരെ നിന്നൊരെൻ നേരെയൊരു നോട്ടത്തിൻ കാറ്റായ് നീയണഞ്ഞാലുകിൽ,
പറയാതെയൊരു മുളംതണ്ടിലൂടതിനെ ഞാൻ കളഗീതമായ് മാറ്റും, അനുരാഗമായ് തീർക്കും...
മഴ വന്നു പെയ്തു നിൻ മുടിയിഴത്തുമ്പിലൊരു നീർമണിത്തുള്ളിയെ പ്രണയമായ് തന്നാൽ,
ഒരാലിലത്തളിരായി ഞാൻ വന്നു ചേരും
നീർമണിത്തുള്ളിയെ നെഞ്ചിലായ് ചേർക്കും...
No comments:
Post a Comment