"എന്ത് മധുരമാണ് ഈ മാമ്പഴത്തിന്..."
അനിൽ പൂളി വച്ച മാമ്പഴത്തിന്റെ മറ്റൊരു കഷ്ണം കൂടെ വായിലേക്കിട്ടു.. വളരെ ആസ്വദിച്ചാണ് അയാൾ അത് കഴിക്കുന്നത്.
"രഘൂ, താനീ മാമ്പഴമൊന്ന് കഴിക്ക്, എപ്പോഴും എരിവും ഇറച്ചിയും മാത്രം കഴിച്ചാ മതിയോടോ ?, ഇതിന്റെയൊക്കെ രുചി കൂടെ താനറിയ്...!"
രഘു ചെറിയ ചിരിയോടെ മാമ്പഴത്തിന്റെ ഒരു കഷ്ണം എടുത്ത് കഴിച്ചു. കൊള്ളാം, നല്ല മധുരമൊക്കെയുണ്ട്..അനിൽ പൊലിപ്പിച്ചു പറയുന്നത്ര ഇല്ല!
"എടോ ഞാൻ കുഞ്ഞിലേ നട്ടിട്ടു പോയ മരാ ഇദ്... ആദ്യായിട്ടാ ഇങ്ങനൊരു പൂക്കല് ഇതില്.. ആ കൊമ്പ് മാങ്ങ നെറഞ്ഞ് ഒടിഞ്ഞ് വീഴാറായല്ലോടോ.." അനിൽ നെടുവീർപ്പിട്ടു..
" അനിലേ, നിങ്ങടെ മാവ്, മാങ്ങ , മൊത്തം പറച്ചു കൊണ്ടോവ്വ! ഇവടെ ആര് തിന്നാനാ"
"അത് ശരിയാട്ട്രാ, നീ ഈ നോൺ തന്നെ കഴിച്ചിരുന്നോ, കൊളസ്ട്രോൾ കേറുമ്പം പഠിക്കും.. എടാ വെജിറ്റേറിയൻ ആയോണ്ട് ആ വക ദീനക്കേടൊന്നും ദ്ദാ ഈ ദേഹത്ത് വന്നിട്ടില്ല" അനിൽ സ്വന്തം ശരീരത്തിലേക്ക് നോക്കി, കൈയ്യൊക്കെ ഒന്നു കുടഞ്ഞു..
"എല്ലാം രുചിക്കണം അനിലേ..എല്ലാം കഴിച്ചുനോക്കണം.. " രഘു നിസ്സംഗമായ് പറഞ്ഞു നിർത്തി...
മാവിന്റെ അപ്പുറം പാടമാണ്, മഴ പെയ്തിറങ്ങിയ തണുപ്പ് വരമ്പാക്കെ മഞ്ഞുപോലെ തങ്ങി നിൽക്കുന്നു.. കൊക്കുകൾ മീൻ തേടി നടന്ന ഒരു കണ്ടത്തിലേക്ക് രഘു ഒരു കല്ല് വലിച്ചെറിഞ്ഞു..
"വാ, വീട്ടിലേക്ക് പോവാ രഘൂ, ക്ടാവിന്റെ മൂക്കുകയർ ഇടീക്കണം, അയ്ന്റെ തള്ള ചത്തിട്ട് ഇപ്പോ എത്ര കാലായി"
"ഒരു 3 മാസം ആയിക്കാണും, ഒരു എമണ്ടൻ പശുവാർന്ന് അദ്... എന്തു പാട് പെട്ടന്നറിയ്യോ കുഴിച്ചിടാൻ.."
മാവിൽ നിന്നും കുറച്ചു മാങ്ങ കൂടി രഘു പൊട്ടിച്ചെടുത്തൂ... അനിലും രഘുവും വീട്ടിലേക്ക് ഒരോ സൊറ പറഞ്ഞ് നടന്നു നീങ്ങീ....
മാവിന്റ ചുറ്റുംപുറം നിന്ന ഇഞ്ചിപ്പുല്ല് അവരെ നോക്കി ആടിത്തിമിർത്തു.. ആ മണ്ണിന്റെ അടിയിൽ മാവിന്റ വേരുകൾക്ക് താഴെ രഘു കുഴിച്ചിട്ട പശുവിന്റെ ശവം.. അത് ആയിരം ഇഞ്ചിപ്പുല്ലായ് ഗന്ധം നിറച്ചു... നൂറ് മാങ്ങകളായ് മധുരം നിറച്ചു..
😎
ReplyDelete