Monday, July 12, 2021

യാത്ര..

 പുലർച്ചെ 2.30 ന് ബസ്സ്സ്റ്റാന്റിൽ വരാൻ തോന്നിച്ച ചിന്തയെ തോമസ് സ്വയം വിമർശിച്ചു. മൂനേകാലിനെ ബസ്സ് വരൂ, ഇത്ര നേരത്തേ വരേണ്ടിയിരുന്നില്ല, കനം നിറഞ്ഞ ബാഗും മിനറൽ ബോട്ടിലും താഴെ വച്ച് അയാൾ നിന്നു, സ്റ്റാന്റിൽ കുറേ പട്ടികളുണ്ട്. ആരോ കത്തിച്ചിട്ടു പോയ വേസ്റ്റ് കൂനയ്ക്കരികിൽ അവ കൂട്ടം ചേർന്നുറങ്ങുന്നുണ്ട്. മങ്ങിയ സ്ട്രീറ്റ് ലൈറ്റ് വെട്ടവും, പുകയും പുറമേ ഓടുന്ന ടോറസ്സ് വണ്ടികളുടെ ശബ്ദവും.. ബസ്സ് കാത്തിരിക്കുന്നവർക്കായുള്ള സീറ്റിൽ തോമസ് ഇരുന്നു. ചെറിയ ഒരു ഉറക്കം അയാളെ പിടികൂടാൻ തുടങ്ങിയിരുന്നു. ഒരു സിഗറെറ്റ് കത്തിക്കാം, തോമസ് ചിന്തിച്ചു; ചുണ്ടുകൾക്കിടയിൽ സിഗററ്റ് വച്ച്, മെല്ലെ അയാൾ ലൈറ്റർ കത്തിച്ചു, വളരെ സാവധാനത്തിൽ ഒരു പുകയെടുത്തു..

ഒരു കാൽപ്പെരുമാറ്റം, അയാൾ തന്റെ അരികിലേക്കാണ് വരുന്നത്.
"ആ ലൈറ്റർ ഒന്നു തരാമോ?" ഒരു തണുത്ത ശബ്ദത്തിൽ അയാൾ ചോദിച്ചു; മദ്ധ്യവയസ്സ്ക്കനാണ്,  ബസ്സ് കേറാൻ വന്നതാണ് തീർച്ച, തോമസ് അയാളുടെ മടക്കിപ്പിടിച്ച സഞ്ചിയിലേക്ക് നോക്കി.
" ഓ, രണ്ടേമുക്കാലായല്ലേ, മൂനേകാലാകാതെ കോയമ്പത്തൂർ ബസ്സ് വരത്തില്ല"
തോമസ് ലൈറ്റർ അയാൾക്ക് നീട്ടി, അയാൾ ലൈറ്റർ മേടിച്ച് തന്റെ ട്രൌസറിൽ പരതി, ഒരു ബീഡി കിട്ടിയ സന്തോഷത്തിൽ അയാൾ മെല്ലെ ചിരിച്ചു,തോമസ് അയാളുടെ കാലിലെ ഒരു കെട്ട് ശ്രദ്ധിച്ചു , തന്റെ അപ്പാപ്പനെ തോമസ്  ഓർത്തു. വെള്ള ഷർട്ട്, മുണ്ട്, വരയൻ ട്രൌസർ..
" ഇത് എന്ത് പറ്റിയതാ"? തോമസ് കാൽമുട്ടിലെ കെട്ടിലേക്ക് നോക്കി ചോദിച്ചു. പെട്ടെന്ന് അയാൾക്ക് അത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

" ഇതൊന്നുമില്ലന്നെ, ഇന്നലെ വൈകിട്ട് ഞാൻ കോയമ്പത്തൂർക്ക് പോകണ്ടതാ, സ്റ്റാന്റിലേക്ക് വരുന്ന വഴി ഒരു കൊച്ചന്റെ ബൈക്ക് ചെറുതായ് ഒന്നു തട്ടി, ഹോസ്പ്പിറ്റലിൽ പോയപ്പോ അവര് മുട്ടേല് ഒരു കെട്ടും വച്ച് തന്ന്, ഒരു ചെറിയ ചതവേ ഒള്ള്.."
"ഒരു ദിവസം റെസ്റ്റ് എടുത്തു കൂടേ"? തോമസ് ചോദിച്ചു.
"അത് പിന്നെ ഇന്ന് സ്റ്റോക്കെടുക്കാൻ പോയില്ലേല് കട കാലിയാകും,പിന്നെ എനിക്ക് വേറെ കുഴപ്പൊന്നുമില്ലല്ലോ.." അയാൾ ചിരിച്ചു, എന്നിട്ട് തോമസിന്റെ പിന്നിലുള്ള സീറ്റിൽ വന്നിരുന്നു.

15 മിനിറ്റിനുള്ളിൽ ബസ്സ് വരും,ഒന്നുരണ്ട് കടകളിലൊക്കെ ആളനക്കം കേട്ട് തുടങ്ങി, തോമസ് തന്റെ ഫോണെടുത്ത് വെറുതേ നോക്കിയിരുന്നു.
" മോനെ, ഇതില് ന്യൂസ് കിട്ടുവ്വോ?എന്തേലുവൊക്കെ കേട്ടോണ്ടിരിക്കായിരുന്നു" അയാൾ പിന്നിൽ നിന്നും തോമസിന്റെ ഫോണിലേക്ക് എത്തിനോക്കി.

"നെറ്റ് ഓഫർ തീർന്നു ചേട്ടാ, ഞാൻ വെറുതെ ഗ്യാലറി ഒക്കെ നോക്കിയിരുന്നതാ"
"ആണോ, എന്നാ ഒരു പത്രം മേടിക്കാം, 3 മണി കഴിയുമ്പോ ഇവിടം മുഴുവൻ ആൾക്കാരായിരിക്കും, പത്രക്കാരും ഏജന്റുമാരും, ഒരെണ്ണം മേടിച്ച് വയ്ക്കാം, ബസ്സിലിരുന്ന് വായിക്കാം"
അയാൾ പതിയെ സീറ്റിലേക്ക് ചാരി, തോമസ് വീണ്ടും ഫോണും നോക്കി ഇരുപ്പായി.

സമയം 3.15. നോട് അടുത്തു, പത്രക്കാരും ഏജന്റുമാരുമെല്ലാമായ് ബസ്സ് സ്റ്റാന്റ് ഉണർന്ന് തുടങ്ങി. ഒരു പറ്റം ആളുകളും എത്തിയിട്ടുണ്ട്, തോമസ് പിന്നിലേക്ക് നോക്കി, അയാൾ അവിടെ ഉണ്ടായിരുന്നില്ല; ഒരു 10 മിനിറ്റിനിടയ്ക്ക് താൻ ചെറുതായ് മയങ്ങിയോ? തോമസ് സ്വയം ചിന്തിച്ചു..

ബസ്സ് വന്ന് കിടക്കുന്നുണ്ട്. ബാഗും കുപ്പിയുമെല്ലാമെടുത്ത് തോമസ് ബസ്സ് ലക്ഷ്യമാക്കി നടന്നു. ഒരു പത്രവും മേടിച്ചു, കുറച്ചുപേർ നേരത്ത് വന്ന് സീറ്റിൽ ഇരുപ്പുറച്ചിട്ടുണ്ട്. മങ്ങിയ വെട്ടത്തിൽ നിന്നും ബസ്സിലെ പ്രകാശപൂരിതമായ ലൈറ്റ് വെട്ടത്തിലേക്കെത്തിയ തോമസിന് ചെറിയ ഒരു ഉന്മേഷം അനുഭവപ്പെട്ടു. അയാൾ പേപ്പറെടുത്ത് പതിയെ നോക്കി, സ്പോട്ർസ് പേജാണ് ആദ്യം വായിക്കുക. പിന്നിലെ പേജുകളിലേക്ക് നോക്കിയ തോമസിന്റെ കണ്ണിൽ ഒരു വാർത്ത പെട്ടെന്ന് ഉടക്കി.

              

                 വാഹനാപകടത്തിൽ മരിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ ബസ്സ്സ്റ്റാന്റിനു സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മാറാട് സ്വദേശിയായ രവി (48) ആണ് മരണപ്പെട്ടത്. എൻജിനീയറിങ് വിദ്യാർത്ഥിയുടെ ബൈക്ക് പിന്നിൽ നിന്നും വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ ടെക്സ്റ്റയിൽസ് ഉടമയാണ് രവി. സംസ്ക്കാരം നാളെ. ഭാര്യ:ഗംഗ , മക്കൾ: അനു, വിനോദ്



തോമസ് പെട്ടെന്ന് കണ്ണെടുത്ത് ബസ്സ്സ്റ്റാന്റിലേക്ക് നോക്കി. അയാൾ സീറ്റിലിരുന്ന് പത്രം നോക്കുകയായിരുന്നു..!



No comments:

Post a Comment

Vegan.

"എന്ത് മധുരമാണ് ഈ മാമ്പഴത്തിന്..." അനിൽ പൂളി വച്ച മാമ്പഴത്തിന്റെ മറ്റൊരു കഷ്ണം കൂടെ വായിലേക്കിട്ടു.. വളരെ ആസ്വദിച്ചാണ് അയാൾ അത് ക...